2011, ജനുവരി 22, ശനിയാഴ്‌ച

പാലോളി കമ്മിറ്റി ചെയ്തതെന്ത്?

പാലോളി കമ്മിറ്റി ചെയ്തതെന്ത്?
കെ. മുഹമ്മദുണ്ണിഹാജി എം.എല്.എ
വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്ക്കാര് ന്യൂനപക്ഷങ്ങള്ക്കായി നിരവധി പദ്ധതികള് നടപ്പിലാക്കിയെന്ന അവകാശവാദത്തേക്കാള് വലിയ തമാശ ഈ വര്ഷം വേറെ ഉണ്ടായിട്ടില്ല. ഇത് ന്യൂനപക്ഷ സമുദായത്തിനെ കൃത്യമായി ബോദ്ധ്യപ്പെടുത്താന് കോഴിക്കോട്ട് പ്രത്യേക യോഗം ചേര്ന്നിരിക്കുകയാണ്. മലപ്പുറത്തും ഇത്തമൊരു യോഗം വിളിക്കാനിരിക്കുകയാണ{െത. ന്യൂനപക്ഷ സംഘടനകളുടെ യോഗം വിളിക്കുംമുമ്പ് സി.പി.എമ്മിന്റെ അവകാശവാദങ്ങളുടെ നിജസ്ഥിതി പരിശോധിക്കേണ്ടതുണ്ട്. പാലോളി സമിതി നിര്ദ്ദേശങ്ങള് ഫലവത്തായി സംസ്ഥാനത്ത് നടപ്പാക്കി എന്നതാണ് ഈ അവകാശവാദത്തിന് പിന്ബലമായി സി.പി.എം. എടുത്തുകാണിക്കുന്നത്.
ഇന്ത്യന് മുസ്ലിംകളുടെ വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക മേഖലയിലെ സ്ഥിതിവിവരകണക്കുകളും അവസ്ഥാവിശേഷങ്ങളും ശേഖരിച്ചും അവ അപഗ്രഥന വിധേയമാക്കി കേന്ദ്ര സര്ക്കാറിന് സമര്പ്പിക്കാനായി ജസ്റ്റിസ് രജീന്ദര് സച്ചാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയെ 2005 മാര്ച്ച് 9ാം തീയതി യു.പി.എ. സര്ക്കാര് നിയോഗിക്കുകയുണ്ടായി. ഈ രംഗങ്ങളില് മുസ്ലിം ജനവിഭാഗം അനുഭവിക്കുന്ന അവശതകള് കണ്ടെത്തുവാനും ക്രിയാത്മകമായ ഇടപെടലുകളിലൂടെ അവക്ക് പരിഹാരം കണ്ടെത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര സര്ക്കാര് ഇത്തരം ഒരു ദൗത്യം ഏറ്റെടുത്തത്. ഏതാണ്ട് ഒന്നര വര്ഷകാലയളവിലെ തീവ്രയത്നത്തിന്റെ ഫലമായി സച്ചാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി തയ്യാറാക്കിയ വിശദവും സമഗ്രവുമായ റിപ്പോര്ട്ട് 2006 നവംബര് 30ാം തീയതി പാര്ലമെന്റ് മുമ്പാകെ സമര്പ്പിച്ചു. മുസ്ലിം പ്രീണനം ഒരു നിറംപിടിപ്പിച്ച കെട്ടുകഥയാണെന്നും മാത്രമല്ല വികസന പാതയില് ഏറ്റവും പിന്നോക്കം പൊയ്ക്കൊണ്ടിരിക്കുന്ന ജനതയാണ് അവരെന്നും സച്ചാര് വരച്ചുകാട്ടി. ഇന്ത്യന് മുസ്ലിംകളുടെ ഏറ്റവും ദയനീയ മുഖം ദര്ശിക്കാനാവുക ചുവന്ന ബംഗാളിലും താരതമ്യേന മെച്ചപ്പെട്ട അവസ്ഥ മുസ്ലിം രാഷ്ട്രീയത്തിന് അടിത്തറയുള്ള കേരളത്തിലുമാണെന്ന് റിപ്പോര്ട്ടിലൂടെ കണ്ണോടിക്കുന്നവര്ക്ക് ബോധ്യമാവും. സച്ചാര് ശുപാര്ശകളെ തുടര്ന്ന് കേന്ദ്രം ന്യൂനപക്ഷ ക്ഷേമത്തിനായി പല പദ്ധതികളും പ്രഖ്യാപിക്കുകയും സംസ്ഥാനങ്ങള്ക്ക് ചില മാര്ഗനിര്ദ്ദേശങ്ങള് നല്കുകയും ചെയ്തിരുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പും കമ്മീഷനും രൂപീകരിക്കുക, ന്യൂനപക്ഷ ക്ഷേമത്തിനുതകുന്ന പദ്ധതികള് സമര്പ്പിക്കുക തുടങ്ങിയവ അതില്പെട്ടതായിരുന്നു. ഇവ നടപ്പിലാക്കുന്നതിന് പകരം തദ്ദേശവകുപ്പു മന്ത്രി ചെയര്മാനായ പതിനൊന്നംഗ സമിതിയെ സംസ്ഥാന സര്ക്കാര് നിയോഗിക്കുകയും സച്ചാര് ശുപാര്ശകള് കേരളത്തില് നടപ്പിലാക്കാനുള്ള നിര്ദ്ദേശങ്ങള് സമര്പ്പിക്കുവാന് ആവശ്യപ്പെടുകയുമാണ് ചെയ്തത്.
2007 ഒക്ടോബര് 15ന് നിയോഗിച്ച കമ്മിറ്റി 2008 ഫെബ്രുവരിയില് റിപ്പോര്ട്ട് സമര്പ്പിക്കുകയും 652008ന് ഒരു ഉത്തരവിലൂടെ പ്രസ്തുത റിപ്പോര്ട്ട് സര്ക്കാര് അംഗീകരിക്കുകയും ചെയ്തു. ഭരണ നടപടികള് ഉള്പ്പെടെ ഒന്പത് ശീര്ഷകങ്ങളിലായി 83 നിര്ദ്ദേശങ്ങളാണ് പാലോളി സമിതി സര്ക്കാറിന് സമര്പ്പിച്ചതും, ഉത്തരവിലൂടെ സര്ക്കാര് അംഗീകരിച്ചതും. എന്നാല് ഇവയിലെ കാതലായ പല നിര്0ദ്ദേശങ്ങളും ഇതുവരെ നടപ്പിലാക്കാന് സര്ക്കാര് ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം.
അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളില് ഒന്നാമത്തേതായിരുന്നു ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ രൂപീകരണം. പല സംസ്ഥാനങ്ങളിലും ഇത് രൂപീകരിച്ചുകഴിഞ്ഞു. എന്നാല് സംസ്ഥാനത്ത് ഇവ ഇപ്പോഴും പ്രഖ്യാപനത്തില് ഒതുങ്ങുകയാണ്. ന്യൂനപക്ഷ വകുപ്പിനോടൊപ്പംതന്നെ രൂപീകരിക്കേണ്ട ന്യൂനപക്ഷ കമ്മീഷന്റെ രൂപീകരണത്തിനുള്ള നിയമനിര്മ്മാണത്തിനും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളിലെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികള് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് വയനാട് ജില്ല മാത്രമാണ് ഈ പദ്ധതിയില് ഉള്പ്പെട്ടിട്ടുള്ളത്. സമയത്തിന് {േപാജക്ടുകള് സമര്പ്പിക്കാന് കഴിയാത്തതാണ് മറ്റ് ജില്ലകള് തഴയപ്പെടാന് കാരണം. പാലോളി സമിതി ഇക്കാര്യം പരിശോധിക്കുകയും മലപ്പുറവും കോഴിക്കോടുമടക്കം അഞ്ച് ജില്ലകള്കൂടി ഉള്പ്പെടുത്തുന്നതിനാവശ്യമായ സമ്മര്ദ്ദവും {െപാപ്പോസലുകളും കേന്ദ്രത്തിലെത്തിക്കണമെന്ന് നിര്ദ്ദേശിക്കുകയും ചെയ്തു. എന്നാല് ഇവ ഉണ്ടായില്ലെന്ന് മാത്രമല്ല ഉള്പ്പെടുത്തിയ വയനാട് ജില്ലയുടെ ക്ഷേമകാര്യത്തിനായി പ്രാഥമികമായി അനുവദിച്ച 15 കോടി രൂപതന്നെ ചെലവഴിക്കാത്തതിന്റെ പേരില് കേന്ദ്രത്തിന്റെ പഴി കേള്ക്കേണ്ടിവരികയും ചെയ്തു.
ജസ്റ്റിസ് നരേന്ദ്രന് കമ്മീഷന് കണ്ടെത്തിയ ഉദ്യോഗനഷ്ടം (ബാക്ക്ലോഗ്) പാലോളി സമിതി വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്ട്ട് ചെയ്തത്. സമിതി നിര്ദ്ദേശങ്ങളിലെ മൂന്നാമത്തെ ശീര്ഷകമായ വിദ്യാഭ്യാസ ഉദ്യോഗ സംവരണത്തിലെ ഒന്നാമത്തെ നിര്ദ്ദേശംതന്നെ ഇത് സംബന്ധിച്ചാണ്. (പേജ് 23). കൂടാതെ അടിയന്തരമായി നടപ്പിലാക്കേണ്ട പത്ത് നിര്ദ്ദേശങ്ങളില് എട്ടാമത്തെതും ഇതാണ്. ഈ നിയമസഭയുടെ രണ്ടാം സമ്മേളനം മുതല് ഈയിടെ കഴിഞ്ഞ പതിനാറാം സമ്മേളനംവരെ തുടര്ച്ചയായി ഞാന് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നരേന്ദ്രന് കമ്മീഷന് കണ്ടെത്തിയ ഉദ്യോഗനഷ്ടം നികത്തുന്നതിന് ഈ സര്ക്കാര് അധികാരത്തില് വന്നതിനുശേഷം കൈക്കൊണ്ട നടപടികള് എന്താണ്? ഈ ചോദ്യത്തിന് അധികവും തന്ന മറുപടി "വിവരം ശേഖരിച്ച് വരുന്നു' എന്നായിരുന്നു. എന്നാല് ഒരു പ്രാവശ്യം (ആറാം സമ്മേളനം 4.9.07ന് നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പര്: 46) ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്ച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുന്നതാണ് എന്ന് അറിയിച്ചിരുന്നുവെങ്കിലും അത്തരമൊരു ചര്ച്ച ഇതുവരെ നടന്നതായി അറിവില്ല. ഈ നിയമസഭാ സമ്മേളനത്തില് ഈ ചോദ്യം വീണ്ടും ഉന്നയിച്ചപ്പോള് (നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യം നമ്പര് 74, 21.12.10) പട്ടികജാതിപട്ടികവര്ഗ വിഭാഗങ്ങളൊഴികെയുള്ളവര്ക്ക് ഉദ്യോഗനഷ്ടം നികത്താന് നിലവില് വ്യവസ്ഥകളില്ല എന്ന മറുപടിയാണ് ലഭിച്ചത്. അതോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലെ വാഗ്ദാനവും പാലോളി സമിതിയുടെ നിര്ദ്ദേശങ്ങളിലൊന്നുമായ ഉദ്യോഗനഷ്ടം നികത്താന് ഈ സര്ക്കാറിന്റെ കാലത്ത് കഴിയുകയില്ല എന്ന് ഉറപ്പായി.
പി.എസ്.സി. വഴിയുള്ള നിയമനങ്ങളില് മെറിറ്റ് ഉള്ളവരെ സംവരണ കാറ്റഗറിയില് നിയമനം നല്കി പിന്നോക്ക സമുദായങ്ങള്ക്ക് നിയമപരമായി അര്ഹതയുള്ള സംവരണം ലഭ്യമാകുന്നില്ലെന്ന പരാതി ന്യൂനപക്ഷ സംഘടനകള് ഉയര്ത്തിയതും പാലോളി സമിതി ശരിവെച്ചതുമാണ് (പേജ് 24). ഇതിന് പരിഹാര നിര്ദ്ദേശവും സമിതി മുന്നോട്ടുവെച്ചു. ആയുര്വ്വേദ ലക്ചറര് നിയമനത്തില് സംവരണ അട്ടിമറി നടന്നപ്പോള് കേരള ഹൈക്കോടതി സിംഗിള്ബെഞ്ചും പിന്നീട് 2008 മെയ് 23ന് ഡിവിഷന് ബെഞ്ചും സംവരണവും മെറിറ്റും 50: 50 അനുപാതത്തില് നിയമനം നടത്തണമെന്ന് വിധിച്ചതാണ്. ഇതിന് കെ.എസ്.എസ്.ആര്. റൂള് 14 ഭേദഗതി ചെയ്യേണ്ടതുണ്ടായിരുന്നു. ഇത് പി.എസ്.സി. സര്ക്കാറിനെ അറിയിച്ചതുമാണ്. അത് ചെയ്യാതെ എന്.എസ്.എസ്സിനെ പിണക്കാതിരിക്കാന് അനങ്ങാപാറനയം സ്വീകരിച്ച് സുപ്രീംകോടതിയുടെ ഇടപെടലിന് ഇടയാക്കുകയാണ് സര്ക്കാര് ചെയ്തത്. ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ചെയ്യാന് കഴിയുന്ന സര്വ്വീസ് റൂള് ഭേദഗതി, അത് ചെയ്യാതെ സുപ്രീം കോടതിയെ സമീപിച്ചതിന്റെ സാംഗത്യം സുപ്രീംകോടതി ചോദ്യം ചെയ്തതുമാണ്. ഇപ്പോള് നിയമസഭയില് മുഖ്യമന്ത്രി പി.എസ്.സി. യുടെ യൂണിറ്റ് സമ്പ്രദായത്തില് മാറ്റം വരുത്താന് ഉദ്ദേശിക്കുന്നില്ലെന്ന് മറുപടി പറഞ്ഞതോടെ ഇടത് സര്ക്കാറിന്റെ ഇരട്ടത്താപ്പ് കൂടുതല് വ്യക്തമായിരിക്കുന്നു.
പാലോളി സമിതി മുന്നോട്ടുവെച്ച ഒട്ടേറെ നിര്ദ്ദേശങ്ങളില് ഒരു ചര്ച്ചപോലും ആരംഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മുസ്ലിം ജനസംഖ്യ 26 ശതമാനത്തിന് മുകളിലാണെങ്കിലും ഉദ്യോഗ പ്രാതിനിധ്യം പതിനൊന്ന് ശതമാനം മാത്രമായതിനാല് ഒരു റിട്ടയേര്ഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയമിച്ച് ഓരോ സമുദായത്തിനും ലഭിക്കേണ്ട റിസര്വ്വേഷന് ക്വാട്ട പുന:നിര്ണ്ണയിക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്, സഹകരണ ബാങ്കുകള് എന്നിവയുടെ നിയമനങ്ങള്ക്കുള്ള ഇന്റര്വ്യൂ ബോര്ഡില് ന്യൂനപക്ഷ പ്രതിനിധികളെ ഉള്പ്പെടുത്തുക, കരാറടിസ്ഥാനത്തിലുള്ള നിയമനങ്ങള്ക്കും സംവരണം പാലിക്കുക, മുസ്ലിം പെണ്കുട്ടികള്ക്ക് ഹോസ്റ്റല് സൗകര്യങ്ങളോടുകൂടിയ വിദ്യാഭ്യാസ സ്ഥാപനങ്ങള് അനുവദിക്കുക, മലബാറില് കൂടുതല് കോളജുകള് തുടങ്ങുക, അറബിക് യൂണിവേഴ്സിറ്റി സ്ഥാപിക്കുക, കേന്ദ്രം അനുമതിതന്ന ഉറുദു ഐ.ടി.ഐ.ക്ക് സ്ഥലം കണ്ടെത്തുക, വഖഫ് സ്ഥാപനങ്ങളുടെ ഭരണ കാര്യക്ഷമതക്ക് വഖഫ് കേഡറിനും വഖഫ് വികസന കോര്പ്പറേഷനും സ്ഥാപിക്കുക എന്നിവ പാലോളി സമിതി ശിപാര്ശകളില് ചിലത് മാത്രമാണ്. ഇതില് ഒന്നുപോലും ഇതുവരെ നടപ്പാക്കിയിട്ടില്ല.
മദ്രസാ അദ്ധ്യാപകര്ക്ക് ക്ഷേമനിധി പ്രഖ്യാപിച്ചതാണ് വലിയ കാര്യമായി എടുത്തുകാണിക്കുന്നത്. പലിശയിലധിഷ്ഠിതമായ ക്ഷേമനിധിക്ക് പകരം ക്ഷേമ പെന്ഷന് അനുവദിക്കാനാണ് ന്യൂനപക്ഷ സംഘടനകള് സര്ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല് ഇത് അംഗീകരിക്കാന് സി.പി.എം. തയാറായിട്ടില്ല. അതുകൊണ്ടുതന്നെ സി.പി.എം. ഭരിക്കുന്ന കോഴിക്കോട് ജില്ലാ സഹകരണ ബാങ്കുമായി ചേര്ന്ന് പ്രഖ്യാപിച്ച ക്ഷേമനിധിയില് ഇതുവരെ 285 പേരാണ് ചേര്ന്നത് എന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടിക്ക് തന്നെ നിയമസഭയില് സമ്മതിക്കേണ്ടി വന്നു. മദ്രസ്സകള് നവീകരിക്കുന്നതിനുവേണ്ടി കേന്ദ്ര സര്ക്കാര് ആവിഷ്കരിച്ച മദ്രസ്സാ നവീകരണ പദ്ധതിക്ക് (സെന്ട്രല് സ്പോണ്സര് സ്കീം ഫോര് {െപാവൈഡിംഗ് ക്വാളിറ്റി എജുക്കേഷന് ഇന് മദ്രസ്സഎസ്.വി.ക്യൂ.ഇ.എം.) നല്കിയ തുകപോലും സമയത്തിന് വിതരണം ചെയ്തിട്ടില്ല. യു.ഡി.എഫ്. ഭരണ സമയത്ത് 200506 വര്ഷത്തില് മാത്രം 3,38,91,000 രൂപ ലഭിച്ചപ്പോള് നാലുവര്ഷംകൊണ്ട് ഇടത് ഭരണത്തില് ഇത്രയുംതുക നേടിയെടുക്കാന് സാധിച്ചിട്ടില്ല എന്നതാണ് നിയമസഭാ രേഖകള് തെളിയിക്കുന്നത്. ഒരു സ്പെഷല് ഓഫീസറെ നിയമിക്കാത്ത കാരണം കേന്ദ്രം തന്ന പണംതന്നെ ഒന്നരവര്ഷം കഴിഞ്ഞാണ് മദ്രസ്സകള്ക്ക് വിതരണം ചെയ്തിരിക്കുന്നത്.
ന്യൂനപക്ഷ വികസനം ലക്ഷ്യംവെച്ച് കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണഫലവും സംസ്ഥാനത്തിന് ലഭിക്കുന്നില്ല. മെറിറ്റ്കംമീന്സ് സ്കോളര്ഷിപ്പിന്റെ നടത്തിപ്പ്തന്നെ ഏറെ പരാതികള്ക്ക് ഇടം നല്കുന്നതാണ്. ന്യൂനപക്ഷ വകുപ്പിന് കീഴിലുള്ള മൗലാനാ ആസാദ് ഫൗണ്ടേഷന് മുഖേന ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പശ്ചാത്തല സൗകര്യങ്ങള് വിപുലപ്പെടുത്താന് 30 ലക്ഷംവരെ ഓരോ സ്ഥാപനത്തിനും അനുവദിക്കുന്നുണ്ട്. സമയത്തിന് {െപാപ്പോസലുകള് സമര്പ്പിക്കാത്ത കാരണം നമുക്ക് ഫണ്ട് നഷ്ടമാകുന്നു. ന്യൂനപക്ഷ വിദ്യാര്ത്ഥികള്ക്ക് എന്ട്രന്സ് പരീക്ഷാ പരിശീലനത്തിനും മത്സര പരീക്ഷകളുടെ പരിശീലനത്തിനും സ്കോളര്ഷിപ്പ് നല്കുന്ന പദ്ധതി 2007 ജൂലൈ മാസം മുതല് കേന്ദ്രം ആവിഷ്കരിച്ചുവരുന്നു. ന്യൂനപക്ഷങ്ങള് കേരളത്തെക്കാള് കുറവുള്ള രാജസ്ഥാന് പോലുള്ള സംസ്ഥാനങ്ങളിലെ പല സ്ഥാപനങ്ങള്ക്കും ഈ ആനുകൂല്യം ലഭിക്കുമ്പോള് എന്ട്രന്സ് പരീക്ഷാ പരിശീലനം ഒരു ജ്വരമായി പടര്ന്ന കേരളത്തില് ഒരു സ്ഥാപനത്തിനും വിദ്യാര്ത്ഥികള്ക്കും ഈ ആനുകൂല്യം ലഭിക്കുന്നില്ല. സ്ഥാപന നടത്തിപ്പിന് ധനസഹായവും വിദ്യാര്ത്ഥികള്ക്ക് പ്രതിമാസം 1500 രൂപവരെ സ്റ്റൈപ്പെന്റും നല്കുന്നതാണ് ഈ പദ്ധതി. വിവിധ വകുപ്പുകള് നടപ്പിലാക്കുന്ന പദ്ധതികള് ഏകോപിപ്പിക്കുന്നതിനുള്ള ഏകജാലക സംവിധാനത്തിന്റെ അഭാവവും ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിശദാംശങ്ങള് പ്രചരിപ്പിക്കാത്തതുമാണ് ഇവയൊന്നും നമുക്ക് നേടിയെടുക്കാന് കഴിയാത്തതിന്റെ കാരണം.
ചുരുക്കത്തില്, ന്യൂനപക്ഷങ്ങള്ക്ക് ന്യായമായും ലഭിക്കേണ്ട അവകാശങ്ങളും സഹായങ്ങളും ഇടുങ്ങിയ കക്ഷിരാഷ്ട്രീയ താല്പര്യം കാരണം നിധേഷിക്കപ്പെടുന്ന കാഴ്ചയാണ് ഇന്നുള്ളത്. അതുകൊണ്ട് തന്നെയാണ് തെരഞ്ഞെടുപ്പുകളില് ന്യൂനപക്ഷങ്ങള് ഇടതുപക്ഷത്തിന് തിരിച്ചടി നല്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ