2011, ജനുവരി 22, ശനിയാഴ്‌ച

പാതയില് പൊലിയുന്ന പ്രാണനുവേണ്ടി

പാതയില് പൊലിയുന്ന പ്രാണനുവേണ്ടി

അബ്ദുസ്സമദ് സമദാനി
കേരളത്തില് ഒരു റോഡ് സുരക്ഷാവാരംകൂടി കടന്നുപോയി. പലയിടത്തും ജനപ്രതിനിധികള് പങ്കെടുത്ത പൊതുസമ്മേളനങ്ങളും നടന്നു. അത്രയും നല്ലത്. ഭീകരമാംവിധം വര്ദ്ധിക്കുന്ന അപകടങ്ങള് ഒഴിവാക്കുന്നതിനും അതുസംബന്ധമായി സമൂഹത്തെ ബോധവല്ക്കരിക്കുന്നതിനും ആരും ഏതുനിലക്കും നടത്തുന്ന എന്ത് ശ്രമവും ശ്ലാഘനീയമാണ്.
റോഡപകടങ്ങള്പോലെ അല്ലെങ്കില് അതിനേക്കാള് കൂടുതല് ഞെട്ടിപ്പിക്കുന്നതാണ് അതുസംബന്ധമായി പൊതുസമൂഹം വെച്ചുപുലര്ത്തുന്ന നിസ്സംഗത. അപകടങ്ങളോടും അപകട മരണങ്ങളോടും ആളുകള് രാജിയായി കഴിഞ്ഞു എന്നാണ് തോന്നുന്നത്. തഴക്കം ബാധിക്കുമ്പോള് ഉണ്ടായിത്തീരുന്ന ഒരുതരം നിസ്സംഗത ഇക്കാര്യത്തില് വ്യാപകമായിരിക്കുന്നു. അപകടത്തില് മരണപ്പെടുന്നവരുടെ മൃതദേഹങ്ങളോ പരിക്ക് പറ്റുന്നവരുടെ മുറിവേറ്റ ശരീരങ്ങളോ റോഡില് സൃഷ്ടിക്കപ്പെടുന്ന ചോരക്കളങ്ങളോ ആരുടെയും ഉറക്കം കെടുത്തുന്നില്ല. അതൊക്കെ കണ്ടുകണ്ട് നമ്മുടെ കണ്ണ് മഞ്ഞളിക്കുകയും മനസ്സ് മരവിക്കുകയും ചെയ്തിരിക്കുന്നു.
ബസ് കത്തിയെരിയുകയും യാത്രക്കാരായ മനുഷ്യര് വെന്തെരിഞ്ഞ് കരിക്കട്ടകളാവുകയും ചെയ്ത സ്ഥലങ്ങളിലൂടെ വാഹനങ്ങള് ഓടിച്ചുപോകുന്ന sൈ്രവര്മാര്ക്കോ അതിലൂടെ കടന്നുപോകുന്ന യാത്രികര്ക്കോ ഒരു നോവിന്റെ ഓര്മ്മയും ഉണ്ടായിത്തീരുന്നില്ല. ഭാവിയില് സൂക്ഷിച്ചിരിക്കാനുള്ള ഒരു പാഠവും അതില്നിന്ന് ആരും പഠിക്കുന്നില്ല. സമൂഹ മനസ്സിന്റെ ഈ പ്രതിലോമ സ്ഥിതിവിശേഷമാണ് ഏറ്റവും വലിയ ആശങ്കയുണര്ത്തുന്നത്.
അപകട നിവാരണത്തിന് മുഖ്യതടസ്സമായി നില്ക്കുന്നത് ആളുകളുടെ ഈ മനോഭാവം തന്നെയാണ്. എത്രയോ കണ്ടുകഴിഞ്ഞു. ഇനി എന്തായാലെന്ത് എന്ന മട്ടിലാണ് പലരുടെയും പെരുമാറ്റം. ഈ നിസ്സംഗതയെ ചികിത്സിക്കാന് പരിമിതമായ ബോധവല്ക്കരണത്തിന് മാത്രം ഉതകുന്ന പരിപാടികള് മതിയാവില്ല. പ്രവിശാലമായ സമൂഹത്തെയാകെ മുന്നില്കണ്ടുകൊണ്ടുള്ള വിപുലമായ കര്മ്മപരിപാടികള്തന്നെ വേണം അതിന്.
യാത്ര ചെയ്യാത്തവരായി ആരുമില്ല. അതുകൊണ്ട്തന്നെ റോഡ് സുരക്ഷയുടെ പ്രശ്നം പൊതുസമൂഹത്തെ മുച്ചൂടും ബാധിക്കുന്നതാണ്. രോഗത്തിന്റെ ഈ പൊതുസ്വഭാവം മനസ്സിലാക്കിവേണം ചികിത്സ വിധിക്കാന്.
ലോകത്ത് നടക്കുന്ന ഏറ്റവും വലിയ മനുഷ്യപ്രയത്നങ്ങളില് മുഖ്യമായ ഒന്ന് മനുഷ്യജീവന് സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണ്. രോഗങ്ങള് ചികിത്സിക്കുന്നതിനുവേണ്ടിയുള്ള പരിശ്രമത്തില്തന്നെ മാനവരാശി ഒട്ടേറെ മുന്നേറിയിരിക്കുന്നു. ജീവന് നിലനിര്ത്താനും മനുഷ്യായുസ്സിന്റെ ദൈര്ഘ്യം കൂട്ടാനും എത്രയോ പരീക്ഷണങ്ങള് നടക്കുന്നു. നവീനമായ ഔഷധങ്ങള് നിരവധി കണ്ടുപിടിക്കപ്പെടുന്നു. ചികിത്സാമുറകളും ഉപകരണങ്ങളും നിരന്തരം പരിഷ്കരിക്കപ്പെടുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ ലഭ്യമാകുന്ന സിദ്ധികളത്രയും രോഗചികിത്സ ലളിതവും പ്രയാസരഹിതവുമാക്കി തീര്ക്കുന്നതിനായി വിനിയോഗിക്കപ്പെടുന്നു. ഒരേയൊരു ലക്ഷ്യത്തിനുവേണ്ടിയാണ് ഇതെല്ലാം, മനുഷ്യ ജീവന്റെ സുരക്ഷ.
എന്നാല് നിരത്തിലെ അരക്ഷിതാവസ്ഥ മഹത്തായ ഈ മാനവ പ്രയത്നങ്ങളെയെല്ലാം തകിടംമറിക്കുകയാണ് ചെയ്യുന്നത്. വൈദ്യശാസ്ത്രത്തിന്റെ മികവിലൂടെയും ഭിഷഗ്വരന്മാരുടെ സേവനങ്ങളിലൂടെയും അസംഖ്യം മനുഷ്യജീവന് രക്ഷപ്പെടുത്തിയെടുക്കുന്ന അതേ സമയത്തുതന്നെ എത്രയോ മനുഷ്യജീവന് വാഹനാപകടങ്ങളില് പൊലിയുന്നു. കുഴിയാന ചോരുന്നത് നോക്കിയിരിക്കുന്ന നമ്മള് ആന ചോരുന്നത് അറിയാതെ പോകുന്നു. വാഹനാപകട മരണങ്ങളുടെ കണക്കും നിരക്കും പരിശോധിച്ചാല് നിര്മ്മാണ പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടിരിക്കുന്നവരെയെങ്കിലും ഞെട്ടിപ്പിക്കുന്ന സംഹാരമാണ് ഈ രംഗത്ത് നടക്കുന്നത്.
റോഡപകടങ്ങളില് നടക്കുന്നത് മരണമല്ല, കൊലയാണ്. ആരുടെയൊക്കെയോ അശ്രദ്ധകൊണ്ടോ കൈപ്പിഴകൊണ്ടോ തെറ്റായ പ്രവര്ത്തനംകൊണ്ടോ നടക്കുന്ന കൊലപാതകമാണത്. ജീവന്റെ വില എപ്പോഴും എവിടെയും വളരെ വലുതാണ്. ഏതെങ്കിലും കൊലപാതകത്തില് മരണപ്പെടുന്ന ജീവന് വിലയുണ്ടെന്നും കൊല അപകടത്തില്പ്പെട്ടാണെങ്കില് മരണപ്പെടുന്നവന്റെ ജീവന് വിലയില്ലെന്നും വരുന്നത് വിരോധാഭാസമാണ്.
കൊലപാതകങ്ങളില് നീതി ലഭ്യമാക്കുന്നതിന് നിരവധി സംവിധാനങ്ങള് സമൂഹത്തിലുണ്ട്. അപകട മരണങ്ങളില് ജീവന് നഷ്ടപ്പെടുന്ന ഹതഭാഗ്യരുടെ പക്ഷത്ത് അത്തരം സംവിധാനങ്ങളില്ല. അപകടമരണം എന്ന് എഴുതിത്തള്ളിയാല് ഏത് മഹാദുരന്തത്തേയും നിസ്സാരവല്ക്കരിക്കാനാവുന്നു. അപകടങ്ങളില്പെടുന്നവരുടെ അന്ത്യംതന്നെ ശോചനീയമാണ്. പലപ്പോഴും ഉറ്റവരോ ബന്ധുക്കളോ അടുത്തില്ലാതെ അവസാനത്തെ ദാഹജലംപോലും ലഭിക്കാതെ നടുറോഡിലോ ആസ്പത്രിയിലേക്കുള്ള വഴിയിലോ അത്യാഹിതങ്ങളുടെ ഭീകര ദൃശ്യങ്ങള് നിറഞ്ഞ കാഷ്യാലിറ്റി മുറികളിലോ വെച്ചായിരിക്കും പലപ്പോഴും അവരുടെ അന്ത്യം. ചില മൃതദേഹങ്ങള് മണിക്കൂറുകളോളം റോഡില്തന്നെ കിടക്കുന്നു. ചിലത് മോര്ച്ചറിയിലും. പിന്നെ പോസ്റ്റ്മോര്ട്ടവും. അതോടെ പോയവര് പോയി. പൊടുന്നനെയുണ്ടായ ദുരന്ത മരണത്തിന്റെ കദനഭാരംപേറി ജീവിക്കാന് വിധിക്കപ്പെടുന്ന കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സ്നേഹജനങ്ങളുടെയും വേദനക്കാകട്ടെ എന്തറുതി?
sൈ്രവര്മാരുടെ അച്ചടക്കവും സൂക്ഷ്മതയും വളരെ പ്രാധാന്യമര്ഹിക്കുന്ന വിഷയമാണെന്ന് റോഡപകടങ്ങളുടെ ചരിത്രം ബോദ്ധ്യപ്പെടുത്തുന്നു. അപക്വമായ പെരുമാറ്റവും വിവേകശൂന്യമായ നടപടികളും ക്ഷണിച്ചുവരുത്തിയ മഹാദുരന്തങ്ങളുടെ കഥ നമ്മുടെ മുമ്പിലുണ്ട്. ഇളം പ്രായത്തില്തന്നെ വണ്ടി ഓടിക്കാന് തുടങ്ങുന്ന പലരും ഉത്തരവാദിത്വബോധമില്ലാതെ പ്രവര്ത്തിച്ചതിന്റെ ഫലമായുണ്ടായ ദുരിതങ്ങള് എത്രയെത്ര?
ഓടുന്നവരും ഓടിക്കുന്നവരും ഒരുതരം അബോധാവസ്ഥയിലാണ്. സൂക്ഷിച്ചും ശ്രദ്ധിച്ചും ചെയ്യേണ്ട തൊഴില് ഒരു ബോധവുമില്ലാതെയാണ് പലരും അനുഷ്ഠിക്കുന്നത്. ഈ ബോധക്കേടിന്റെ സ്വാഭാവിക ഫലങ്ങളാണ് വര്ദ്ധിച്ചുവരുന്ന റോഡപകടങ്ങള്.
ഇതിനെല്ലാം പുറമെ യഥാര്ത്ഥമായും ബോധക്കേടിലേക്ക് നയിക്കുന്ന മദ്യവും റോഡപകടങ്ങളിലെ വില്ലനാണ്. കേരളത്തില് അടുത്തകാലത്തുണ്ടായ പല റോഡപകടങ്ങളുടെയും പിറകിലെ സത്യം കള്ളാണ്; ലഹരി. ഇത് തെളിയിക്കപ്പെട്ട യാഥാര്ത്ഥ്യമാണ്. മദ്യപിച്ചുള്ള sൈ്രവിംഗ് കര്ശനമായി തടയുകയും മദ്യപിച്ച് വണ്ടി ഓടിച്ചാല് sൈ്രവിംഗ് ലൈസന്സ് കാന്സല് ചെയ്യുന്നതടക്കമുള്ള നടപടികള് സ്വീകരിക്കുകയും ചെയ്യാന് ഉത്തരവാദപ്പെട്ടവര് ആര്ജ്ജവം കാണിച്ചേ പറ്റൂ.
ആധുനിക മനുഷ്യന് ഒഴിച്ചുകൂടാനാവാത്തതായി തീര്ന്നിട്ടുണ്ട് മൊബൈല് ഫോണ്. അതിന്റെ ഉപയോഗവും ദുരുപയോഗവും മറ്റ് നിരവധി പ്രശ്നങ്ങള്ക്കെന്നപോലെ റോഡപകടങ്ങള്ക്കും കൂടിയ അളവില് നിമിത്തമായിത്തീരുന്നു. ഒരു കൈയില് സ്റ്റിയറിംഗും മറുകൈയില് കാതോരം ചേര്ത്തുവെച്ച മൊബൈലുമായി sൈ്രവിംഗ് ആഘോഷിക്കുന്ന യുവാക്കള് ഇന്ന് സാര്വ്വത്രികമാണ്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും പണയപ്പെടുത്തിയാണ് ഈ കിന്നാരപ്പാച്ചിലെന്ന് നമ്മുടെ എത്ര ചെറുപ്പക്കാര് ചിന്തിക്കുന്നുണ്ട്.
പാതയോരങ്ങളില് ഉയര്ന്നുനില്ക്കുന്ന പരസ്യപലകകള് നിരുപദ്രവമാണെന്ന് ആര്ക്കെങ്കിലും തോന്നുന്നുവെങ്കില് തെറ്റി. sൈ്രവറുടെ ശ്രദ്ധ തിരിച്ചുവിടുന്ന വലിയൊരു കെണി അതിലും അടങ്ങിയിരിക്കുന്നു. മനുഷ്യ മനസ്സിനെ വികലവും മലിനവുമാക്കുന്ന ഇത്തരം ദുസ്വാധീനങ്ങളെല്ലാം ആളെ കൊല്ലുന്ന കൈക്രിയകളെ സഹായിക്കുകയാണ് ചെയ്യുന്നത്.
ജീവനോടും മനുഷ്യനോടുമുള്ള ആദരത്തിന്റെ അഭാവമാണ് ഇന്ന് എവിടെയുമുള്ള വലിയ പ്രശ്നം. രണ്ടിനെയും ബഹുമാനിക്കാന് പഠിച്ചും പഠിപ്പിച്ചുമല്ലാതെ മനുഷ്യ നിന്ദക്ക് പരിഹാരമില്ല. റോഡപകടങ്ങളുടെ പിറകിലും മനുഷ്യനിന്ദയുടെ ചെറുശകലങ്ങള്, മന:ശാസ്ത്രപശ്ചാത്തലമായി വര്ത്തിക്കുന്നുണ്ടെന്നതാണ് സത്യം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ