ആന വാങ്ങുന്നവര് തോട്ടിയും വാങ്ങണം
സി.പി. സൈതലവി
ആന വാങ്ങാമെങ്കില് തോട്ടിയും വാങ്ങാം. നാലായിരത്തഞ്ഞൂറു കോടി രൂപ മുടക്കി വീടുണ്ടാക്കാമെങ്കില് അതിനുള്ള ഭൂമിയും കാശ്കൊടുത്ത് വാങ്ങാമെന്നര്ത്ഥം. കുടിയിരിപ്പാധാരം സ്വന്തം പേരിലല്ലെങ്കില് മുടക്കിയ കാശ് വെള്ളത്തിലാകും. അവകാശികള് വേറെയുമുണ്ടാകും. അതാണ് നാട്ടുനടപ്പ്. ഏറ്റവും സമ്പന്നനായ ഇന്ത്യാക്കാരന് മുകേഷ് അംബാനി മുംബൈയില് മേല്പറഞ്ഞ കോടികള്കൊണ്ട് വീട് നിര്മിച്ചത് വഖഫ് ഭൂമിയിലാണെന്ന രേഖകള് പുറത്തുവന്നിരിക്കുന്നു. ആരോപണം അംബാനിക്കെതിരാവുക, സ്വത്ത് വഖഫ് ഭൂമിയാവുക; അധികം വാര്ത്തയാവാതിരിക്കാന് രണ്ടിലേതെങ്കിലുമൊരു കാരണം തന്നെ ധാരാളം. എന്നാലും കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രാലയം പിടിവിട്ടില്ല. സെന്ട്രല് വിജിലന്സ് കമ്മീഷനോട് അന്വേഷണം നടത്താന് നിര്ദേശം നല്കി. ടു.ജി സ്പെക്ട്രവും കെ.ജി ബാലകൃഷ്ണനുമൊക്കെ വാര്ത്തയില് നിറഞ്ഞ നേരത്തു തന്നെയാണ് മുകേഷ് അംബാനിയുടെ പുതിയ കുടിയിരിപ്പിന്റെ അടിയാധാരവും കണ്ടെത്തിയത്.
പുരാതന പ്രസിദ്ധമായ ബോംബെ മഹാനഗരത്തില്, ദൈവപ്രീതി മാത്രം കാംക്ഷിച്ച് യതീമുകള്ക്ക് ആശ്രയമായിത്തീരാന് അനാഥാലയത്തിനായി വഖഫ് ചെയ്യപ്പെട്ട നിലം. മൂവായിരം കോടി വിലയുള്ള സ്വത്ത്. ലോകാത്ഭുതങ്ങളില് തന്റെ വീടുമുള്പ്പെടാന് മുകേഷ് അംബാനി കൊട്ടാരം കെട്ടിയത് യതീംഖാനക്കു നീക്കിവെച്ച ഈ 4532 ചതുരശ്ര മീറ്റര് ഭൂമിയിലാണെന്ന് രേഖകള് പറയുന്നു.
ധീരുഭായി അംബാനിയുടെ പുത്രന് പുരകയറ്റാന് യതീംഖാനയുടെ സ്ഥലം വേണോ എന്നതൊരു ചോദ്യമാണ്. പക്ഷേ, സാധ്യതയുടെ കലയാണല്ലോ കച്ചവടവും. ചെറിയൊരു സൂത്രപ്പണികൊണ്ട് വളരെ വേഗം കൈപ്പിടിയിലൊതുക്കാന് പറ്റും പല നാട്ടിലെയും വഖഫ് സ്വത്തുക്കള് എന്നത് ഒരു സാധ്യതയാണ്. വമ്പന് ബിസിനസ്സുകളുടെ തിരക്കിലൂം അത് തിരിച്ചറിഞ്ഞു പ്രയോജനപ്പെടുത്തി മുകേഷ് അംബാനി എന്നു കരുതിയാല് മതി.
ന്യൂനപക്ഷ മന്ത്രാലയം തന്നെ വ്യക്തമാക്കുന്നുണ്ട്; 2003ല് ഈ വഖഫ് സ്വത്ത് തരപ്പെടാന് മുകേഷ്അംബാനി പെട്ടപാട്. അന്ന് വഖഫിന്റെ കേന്ദ്ര സ്ഥാനത്തിനുമീതെ പറക്കുന്നത് കാവിക്കൊടി. അഞ്ഞൂറു കോടി രൂപ മാര്ക്കറ്റ് വിലയുള്ള ഭൂമി 21.05 കോടിക്ക് മുകേഷ് അംബാനിയുടെ കയ്യിലെത്തി. ആധാരവും രജിസ്ട്രാര് ഓഫീസുമൊക്കെ നോട്ട്കെട്ടിന്റെ തൂക്കത്തിനൊത്ത് വഴിയെ ചെന്നോളും.
പള്ളിക്കും മദ്രസക്കും യതീംഖാനകള്ക്കുമൊക്കെ വേണ്ടി ചക്രവര്ത്തിമാരും സുല്ത്താന്മാരും നവാബുമാരും ധനാഢ്യരായ ഉദാരമതികളുമെല്ലാം നീക്കിവെക്കുന്നതാണ് വഖഫ് സ്വത്ത്. അതില് നിന്നുള്ള വരുമാനവും സ്ഥാവര ജംഗമ വസ്തുവകകളും നിശ്ചിതമായ വഖഫ് ആവശ്യത്തിനല്ലാതെ വിനിയോഗിക്കപ്പെടുന്നത് ദൈവിക നിയമത്തിനും സിവില് നിയമത്തിനും നിരക്കാത്തതാണ്. എല്ലാ നിലക്കും നിയമലംഘനം.
ബംഗാളിലും ബീഹാറിലും യു.പിയിലുമെല്ലാം ആയിരക്കണക്കിനു കോടിയുടെ വഖഫ് സ്വത്തുക്കളാണ് അന്യാധീനപ്പെട്ടുപോയത്. സര്ക്കാര് സംവിധാനങ്ങള് ദുരുപയോഗം ചെയ്തു വഖഫ് സ്വത്തുക്കള് പലരും കൈക്കലാക്കി. പശ്ചിമബംഗാളില് മദ്യക്കമ്പനികള്പോലും പ്രവര്ത്തിക്കുന്നു പാവനമായ വഖഫ് ഭൂമികളില്. "കാട്ടിലെ മരം, തേവരുടെ ആന, വലിയെടാ വലി' എന്ന ആഘോഷമാണ് പലേടത്തും.
മതബോധത്തിലും സാമൂഹിക പുരോഗതിയിലും മുന്നില് നില്ക്കുന്ന കേരളത്തില്പോലും വഖഫ് ഭൂമി കയ്യേറാനുള്ള ശ്രമങ്ങള് വ്യാപകമല്ലെങ്കിലും നടക്കുന്നുണ്ട്. എറണാകുളത്ത് മുന് ജില്ലാ പഞ്ചായത്ത് അംഗമായ സി.പി.എം നേതാവും കുടുംബവും കോടിക്കണക്കിനു രൂപ വിലമതിക്കുന്ന 3.86 ഏക്കര് വഖഫ് ഭൂമി കൃത്രിമ രേഖയുണ്ടാക്കി കൈവശപ്പെടുത്തിയതാണ് ഏറ്റവുമൊടുവിലായി, രണ്ടാഴ്ചമുമ്പ് പുറത്തുവന്ന വിവരം. കണ്ടതെല്ലാം കയ്യിട്ടുവാരുന്ന ഒരു പ്രാദേശിക സി.പി.എം നേതാവിന്റെ നിലവാരമല്ലല്ലോ ധീരുഭായ് അംബാനിയുടെ പുത്രനില് നിന്നു രാജ്യം പ്രതീക്ഷിക്കുന്നത്. ഹീരാചന്ദ്ഭായി എന്ന പ്രാരാബ്ധക്കാരനായ സ്കൂള് അധ്യാപകന്റെ അഞ്ചാമത്തെ പുത്രനായി പിറന്ന്, ശൂന്യതയില്നിന്ന് ഒരു സാമ്രാജ്യം പടുത്തുയര്ത്തിയ മാന്ത്രിക കഥയുണ്ട് ധീരുഭായിക്ക് കൂട്ടിന്.
1932ല് ഗുജറാത്തിലെ ചോര്വാഡില് ജനനം. വാരാന്ത്യങ്ങളില് മലകയറാന് വരുന്ന വിനോദസഞ്ചാരികള്ക്ക് "ഭാജി'യുണ്ടാക്കി പാത്രത്തില് കൊണ്ടുനടന്ന് വില്പന നടത്തിയിരുന്ന സ്കൂള് വിദ്യാര്ത്ഥി. മെട്രിക്കുലേഷനു പഠിക്കുമ്പോള് പതിനാറാം വയസ്സില് യമനിലെ ഏദനിലേക്ക് ജോലിതേടി കപ്പല്കയറിയ ഉത്സാഹി. അവിടെ ഗ്യാസ് സ്റ്റേഷനില് അറ്റന്ഡറായും ഓയില് കമ്പനിയില് ക്ലാര്ക്കായും ജീവിതം. പത്തു വര്ഷത്തെ പ്രയത്നംകൊണ്ടുണ്ടാക്കിയ അമ്പതിനായിരം രൂപയുമായി നാട്ടില് തിരിച്ചെത്തി തുണിവ്യാപാരം തുടങ്ങി. പിന്നെ വെച്ചടി വെച്ചടി കയറ്റം. പണമുണ്ടാക്കാനാഗ്രഹിക്കുന്നവര്ക്ക് പാഠശാലയാക്കാന് പറ്റിയ ജീവിതം. റിലയന്സ് കൊമേഴ്സ്യല് കോര്പ്പറേഷനില് നിന്നുള്ള വ്യാപാര തുടക്കം വസ്ത്രം, നൂല്, പെട്രോകെമിക്കല്സ്, എണ്ണവാതക ശുദ്ധീകരണം, എണ്ണ പര്യവേക്ഷണം എന്നിങ്ങനെ അതിരുകളില്ലാത്ത ബിസിനസ് സാമ്രാജ്യമായി.1977ല് ഓഹരിവിപണിയിലേക്കും ചുവടുവെച്ചു. അങ്ങനെ ഇന്ത്യയിലെ ഏറ്റവും വലിയ ഫോര്ച്യൂണ് 500 കോര്പ്പറേഷന് സൃഷ്ടിക്കപ്പെട്ടു.
2002 ജൂലൈ 6ന് ധീരുഭായ് അംബാനി മുംബൈയില് മരിക്കുമ്പോള് സമാനതകളില്ലാത്ത വ്യാപാര വളര്ച്ചയുടെ നാമവിശേഷണമായി റിലയന്സ് ഗ്രൂപ്പ് മാറിക്കഴിഞ്ഞിരുന്നു. മക്കളായ മുകേഷ് അംബാനിക്കും അനില് അംബാനിക്കും ആ ഔന്നത്യം താഴാതെ നോക്കിയാല് തന്നെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിക്കാമെന്ന ധൈര്യം ബാക്കിവെച്ചുള്ള ധീരുഭായിയുടെ യാത്ര.
ഇന്ത്യന് വ്യാപാര മേഖലയില് ഇച്ഛാശക്തിയുടെ മാതൃകയായി ധീരുഭായിസം. ജനങ്ങളുടെ വിശ്വാസം വെച്ചാണ് അച്ഛന് അംബാനി വ്യാപാരം നടത്തിയത്. "ഞങ്ങള് ജനങ്ങളുടെ പേരില് പന്തയം വെക്കുന്നു' എന്നു പറയാന് മാത്രമുള്ള ആത്മവിശ്വാസത്തിന്റെ പിന്ബലം കിട്ടി ധീരുഭായിക്ക്. മക്കളായിട്ടും മോശംവന്നില്ല. അച്ഛന്റെ ചിതയിലെ കനല്കെടുംമുമ്പെ രണ്ടുവഴിക്കു പിരിഞ്ഞെങ്കിലും നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാതിരിക്കാന് പുറമേക്ക് ചില ഒത്തുതീര്പ്പുകളായി. അമ്മ കോകിലബെന് ഇതിനുത്സാഹിച്ചു. കച്ചവടത്തിലും കോടതിയിലും മൂത്തപുത്രന് മുകേഷ് തന്നെ മുന്നിലായി.
ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് വിരമിക്കുന്നതിന്റെ മൂന്നു ദിവസം മുമ്പ് സുപ്രീംകോടതി നല്കിയ വിധി മുകേഷ് ചെയര്മാനായ റിലയന്സ് ഇന്ഡസ്ട്രീസിന്റെ ഓഹരിവില വിപണിയില് കുത്തനെ ഉയര്ത്താനുതകുന്നതായി. സ്വാഭാവികമായും അനിയന് അനില് അംബാനിയുടെ റിലയന്സ് നാച്വറല് റിസോഴ്സസിന്റെ വില ഇടിയുകയും ചെയ്തു. 1957ല് ജനിച്ച മുകേഷ് 2010ലെ കണക്കെടുപ്പ് പ്രകാരം ഏഷ്യാവന്കരയിലെ തന്നെ സമ്പന്നരില് ഒന്നാമനും ലോകത്തെ ധനികരില് നാലാമനുമാണ്. 2014ല് ലോകത്തെ ഒന്നാം നിരക്കാരനുമായേക്കാം. കഴിഞ്ഞ വര്ഷം ഗുരുവായൂര് ക്ഷേത്രത്തില് വന്ന മുകേഷ് അംബാനിക്ക് തുലാഭാരത്തിനു വേണ്ടിവന്നത് 90 കിലോ പഞ്ചസാര. തടികൊണ്ടും മുതലുകൊണ്ടും ഉണ്ടെന്നുസാരം.
ഇത്രയൊക്കെയായ സ്ഥിതിക്ക് ഭാര്യ നീതക്കും മൂന്നു മക്കള്ക്കുമൊപ്പം താമസിക്കാന് പണിയുന്നത് ലോകത്തെ ഏറ്റവും വലിയ ആഢംബരഭവനമായിരിക്കണമെന്ന് മുകേഷ് ആഗ്രഹിച്ചാല് ദോഷം പറയാനൊക്കില്ല. അങ്ങനെയാണ് ആന്റിലിയ ആകാശത്തോളമുയര്ന്നത്. കഴിഞ്ഞ നവംബര് 25ന് പാലുകാച്ചലും കഴിഞ്ഞു. 27 നിലകള്. മുകള് നിലയില് മൂന്നു ഹെലിപാഡുകള്. ഒരു നിലയില് 50 പേര്ക്ക് ഇരിക്കാവുന്ന സിനിമാ തിയറ്റര്. മറ്റൊരു നിലയില് 160 വാഹനങ്ങള്ക്ക് പാര്ക്ക് ചെയ്യാനുള്ള സംവിധാനം. 600 പരിചാരകര്. ക്ഷേത്രം, പൂന്തോട്ടങ്ങള്, നീന്തല്കുളങ്ങള്. വീടായാല് ഇങ്ങനെ വേണം എന്ന് ആരെക്കൊണ്ടും സമ്മതിപ്പിക്കുന്ന സജ്ജീകരണങ്ങള്. ആദ്യമാസത്തെ വൈദ്യുതി ബില് വന്നപ്പോള് തന്നെ സമാധാനമായി. 70.69 ലക്ഷം രൂപയുണ്ടെന്നത് വീടിന്റെ "മാഹാത്മ്യം' വര്ധിപ്പിച്ചു. കൃത്യമായി കറന്റ്ബില് അടച്ചതുകൊണ്ട് ചാര്ജില് ഇളവുംകിട്ടി. അരലക്ഷം രൂപ.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ "താജ്മഹല്' എന്ന് ബി.ബി.സിയുടെ വിശേഷണം. നല്ല ചേര്ച്ച. വീടിന്റെ പേര് "ആനന്ദം' എന്നാക്കിമാറ്റാനും സാധ്യതയുണ്ടെന്നാണ് ഗൃഹപ്രവേശത്തിനു പോയി വന്നവര് പറയുന്നത്. ആനന്ദലബ്ധിക്കിനിയെന്തുവേണം?
വീടില്ലെങ്കില് വിലയില്ല എന്നു കരുതിയത്കൊണ്ടാണാവോ അനിയന് അനില് അംബാനിയും തുടങ്ങിയിട്ടുണ്ട് പുരപ്പണി. മുംബൈയില് തന്നെ. 150 മീറ്റര് ഉയരത്തില് പണിയാന് അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്. ചേട്ടന്റെ വീടിനെക്കാള് 20 മീറ്റര് ഉയരക്കുറവ്. സ്ഥലത്തെചൊല്ലി തല്ക്കാലം പരാതിയില്ല.
2008 മെയില് മഹാരാഷ്ട്ര സംസ്ഥാന വഖഫ് ബോര്ഡ് അംഗം അഹമ്മദ്ഖാന് നല്കിയ പരാതിയിലൂടെയാണ് വഖഫ് ഭൂമിയിലാണ് മുകേഷ് അംബാനി വീട് പണിയുന്നതെന്ന വിവരം പുറത്തുവന്നത്. ഒരുദ്യോഗസ്ഥന്റെ ഒത്തുകളിയിലൂടെയാണ് ഇത്രയും വിലപ്പെട്ട ഭൂമി വഖഫിനു നഷ്ടമായതെന്നും കണ്ടെത്തി.
കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം ഡയറക്ടര് ആദര്ശ് ജോഷി, ആദര്ശം വിട്ടുകളിക്കാത്ത ഉദ്യോഗസ്ഥനായതിനാല് വിജിലന്സ് അന്വേഷണത്തിനു വഴിയൊരുങ്ങി. അംബാനിയുടെ പണപ്പെട്ടി കണ്ടു കണ്ണുമഞ്ഞളിച്ച മറ്റു പലരും വഖഫ് ഭൂമിക്ക് കുടിക്കടം പകര്ത്താന് ഓടിനടക്കുമ്പോള് ധീരനും ആദര്ശവാനുമായ ആദര്ശ്ജോഷി അന്വേഷണത്തിനു പിന്നാലെയാണ്. കൃത്യമായ രേഖകളോടെയാണ് താനിത് കച്ചവടമാക്കിയതെന്ന് വാദിക്കാന് നൂറു ന്യായങ്ങള് മുകേഷിനുണ്ടാകും. ഇങ്ങനെ വെട്ടിപ്പിടിച്ചുവേണ്ട അംബാനിസന്തതികള്ക്ക് ജീവിക്കാനെന്നും തെളിവ് സഹിതം സ്ഥാപിക്കാനാകും.
പക്ഷേ, പാതവക്കിലും പീടികത്തിണ്ണയിലും മരച്ചുവട്ടിലും അന്തിയുറങ്ങുന്ന മനുഷ്യര്ക്കു പഞ്ഞമില്ലാത്ത നാട്ടില്, ലോക കോടീശ്വരന്റെ സഹസ്ര കോടികളുടെ കൊട്ടാരമുയരുന്നത് അനാഥകളുടെ വഖഫ് ഭൂമിയിലാണോ എന്നന്വേഷിക്കേണ്ടി വരുന്നത് തന്നെ ലജ്ജാകരമാണ്. പോഷകാഹാരമില്ലായ്മയുടെ ശൈശവ മരണങ്ങളെ "ദേശീയ നാണക്കേട്' എന്നു വിളിച്ചു പ്രധാനമന്ത്രി മന്മോഹന്സിംഗ്. യതീം എന്നാല് അനാഥ. അംബാനിമാരുടെ ആന്റിലിയകള് ആ അനാഥബാല്യങ്ങളുടെ മൂര്ദ്ധാവിലാകാതിരിക്കട്ടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ